തിരുവനന്തപുരം: 39 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരെ (യുയുസി) അയോഗ്യരാക്കാൻ തീരുമാനിച്ച് കേരള സർവകലാശാല. പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ യോഗ്യതയില്ലാത്ത യുയുസിമാരെയുമാണ് അയോഗ്യരാക്കിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വിജയിച്ചയാളെ മാറ്റി യൂണിവേഴ്‌സിറ്റിയിൽ മറ്റൊരാളുടെ പേരു നൽകിയ വിഷയം വിവാദമായതിനെ തുടർന്നാണ് സർവ്വകലാശാല നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചത്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ യുയുസിയായി ജയിച്ചത് അനഘയായിരുന്നു. എന്നാൽ, പകരം എസ്എഫ്‌ഐ നേതാവായിരുന്ന എ വിശാഖിന്റെ പേരാണ് സർവകലാശാലയ്ക്ക് കൈമാറിയത്. നടപടി വിവാദമായതിന് പിന്നാലെ യുയുസിമാരുടെ പ്രായപരിധി സംബന്ധിക്കുന്ന കൃത്യവിവരം നൽകാൻ കോളജുകളോട് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുപ്പതോളം കോളജുകൾ ഇതുസംബന്ധിച്ച വിവരം യൂണിവേഴ്‌സിറ്റിയ്ക്ക് ഇതുവരെ നൽകിയിട്ടില്ല.
അതേസമയം, കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴ ചുമത്തി. യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്. കേരള സർവകലാശാലയാണ് പിഴ ചുമത്തണമെന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിനോട് ആവശ്യപ്പെട്ടത്. 1,55,938 രൂപയാണ് പിഴയായി നൽകേണ്ടത്.
കേരള സർവകലാശാല സിന്റിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. ഇതുവഴിയുണ്ടായ നഷ്ടം കോളേജിൽ നിന്നും ഈടാക്കുന്നതിന്റെ ഭാഗമാണ് പിഴ.

