ന്യൂയോർക്ക്: ലോക കേരള സഭ സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളാ സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലർ മനഃപൂർവ്വം വിവാദങ്ങളുണ്ടാക്കുകയാണ്. ചിലർ ഏതൊരു കാര്യത്തെയും മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. നട്ടാൽ പൊടിയ്ക്കാത്ത നുണ പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. സമ്മേളനത്തിൽ എന്ത് സ്വജനപക്ഷപാതമാണുണ്ടായത്. സർക്കാർ പരിപാടിയ്ക്ക് സ്‌പോൺസർഷിപ്പ് ആദ്യമായാണോയെന്നും അദ്ദേഹം ചോദിച്ചു.
മൂന്നാം കേരള സഭസമ്മേളനത്തിന് ശേഷം അംഗീകരിച്ച 67 ശുപാർശകളിൽ 11 വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ചിട്ടുണ്ട്. 56 ശുപാർശകൾ അതതു വകുപ്പുകളുടെ പരിഗണനയിലാണ്. മൂന്നാം ലോക കേരളസഭയിൽ ഉയർന്ന ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റൽ ഡേറ്റ പ്ലാറ്റ്ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നോർക്ക റൂട്സ് നിർമ്മിക്കുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ് എന്നറിയിക്കട്ടെ. മൂന്നാം ലോക കേരളസഭയിൽ ഉയർന്നുവന്ന പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണ്. ഇത്തരത്തിൽ പ്രവാസികൾ സമർപ്പിച്ച മൂർത്തമായ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുകയാണ് ഈ സർക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

