ബ്രിജ്ഭൂഷന്റെ അറസ്റ്റില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സ് ബഹിഷ്‌കരിക്കും: സാക്ഷി മാലിക്‌

ഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ഈ മാസം നടക്കേണ്ട ഏഷ്യന്‍ ഗെയിംസ് ട്രയല്‍സ് ബഹിഷ്‌കരിക്കുമെന്ന് സാക്ഷി മാലിക്. ജൂണ്‍ 15നകം ബ്രിജ്ഭൂഷണിനെതിരെ നടപടിയുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഹരിയാനയിലെ സോണിപത്തില്‍ ചേര്‍ന്ന ഖാപ് മഹാപഞ്ചായത്തില്‍ ഏഷ്യന്‍പങ്കെടുക്കാനെത്തിയപ്പോഴാണ് സാക്ഷി നിലപാട് വ്യക്തമാക്കിയത്.

ഗുസ്തിതാരങ്ങള്‍ ഓരോ ദിവസവും എങ്ങനെയുള്ള മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. ബ്രിജ്ഭൂഷണിനെതിരെ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഞങ്ങള്‍ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കൂ. ഇതെല്ലാം മാനസികമായി എത്രമാത്രം തളര്‍ച്ചയുണ്ടാക്കുന്നുവെന്നും ഞങ്ങള്‍ ദിവസവും എന്താണ് അനുഭവിക്കുന്നതെന്നും ആര്‍ക്കും മനസിലാകില്ലെന്നും സാക്ഷി ചൂണ്ടിക്കാട്ടി.

പൊലീസ് അന്വേഷണം പൂര്‍ത്തിയാകാന്‍ സര്‍ക്കാര്‍ ജൂണ്‍ 15 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ സമരമുണ്ടാകില്ല. എന്നാല്‍ ബ്രിജ്ഭൂഷണിനെതിരായ പ്രതിഷേധം തുടരും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍, മഹിളാ സംഘടനകള്‍ തുടങ്ങി തങ്ങളെ പിന്തുണയ്ക്കുന്നവരുമായി ചര്‍ച്ച ചെയ്യുമെന്നും സാക്ഷി പറഞ്ഞു.