കൊച്ചി: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ നടപടിയുമായി പോലീസ്. വിവാദവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലും കോഴ്‌സ് കോർഡിനേറ്ററും മാദ്ധ്യമപ്രവർത്തകയും അടക്കം അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിലെ ഒന്നാംപ്രതി മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറാണ്. പ്രിൻസിപ്പൽ ഡോ വി എസ് ജോയ് ആണ് രണ്ടാം പ്രതി. കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സി എ ഫൈസൽ നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയുമാണ്.
പരാതിക്കാരനെ അപകീർത്തിപ്പെടുത്താൻ വ്യാജമാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്. മറ്റു പ്രതികൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

