കെഎസ്ആർടിസി സിറ്റി സർക്കുലർ; രണ്ടാംബാച്ച് ഇലക്ട്രിക് ബസുകളെത്തി, ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി സിറ്റി സർക്കുലർ രണ്ടാംബാച്ച് ഇലക്ട്രിക് ബസുകളെത്തി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളിൽ നാലെണ്ണമാണ് സംസ്ഥാനത്തെത്തിയത്. ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് ബസ് എത്തിയത്. ഐഷർ കമ്പനിയുടെ 60 ഉം പി എം ഐ ഫോട്ടോണിന്റെ 53 ബസുകളുമാണ് വാങ്ങുന്നത്.

ഒമ്പത് മീറ്റർ ബസുകളാണ് ഇവയെല്ലാം. ഇപ്പോൾ 50 ബസുകളാണ് സർവ്വീസ് നടത്തുന്നത്. ജൂലായ് അവസാനത്തോടെ സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെട്ട 113 ബസുകളും സിറ്റി സർക്കുലറിന്റെ ഭാഗമാകും. ഡീസൽ ബസുകളില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിതനഗരമായി തിരുവനന്തപുരത്തെ മാറ്റാൻ കെഎസ്ആർടിസി പദ്ധതിയിടുന്നു.

അതേസമയം, സിറ്റി സർക്കുലർ ബസുകളുടെ ടിക്കറ്റ് നിരക്ക് പരീക്ഷണാടിസ്ഥാനത്തിൽ പത്ത് രൂപയിൽ നിന്ന് അഞ്ചായി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.