പ്രശ്നങ്ങളെല്ലാം ധരിപ്പിച്ചു; കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ച രാവിലെ നടന്ന എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കൂടിക്കാഴ്ച്ച. പ്രശ്നങ്ങളെല്ലാം കെപിസിസി അധ്യക്ഷനെ ധരിപ്പിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചർച്ചക്കെത്തിയത് കെപിസിസി അധ്യക്ഷൻ വിളിച്ചതിനാലാണ്. തങ്ങൾക്ക് പറയാനുള്ള വിഷയങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സുധാകരനുമായി കോൺഗ്രസ് നേതാവ് എം എം ഹസ്സനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണ മഴ വൈകുന്നതിന് പരിഹാരമുണ്ടാക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് പരിഹസിച്ചാണ് അദ്ദേഹം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

കെപിസിസി അധ്യക്ഷൻ ചോദിച്ച കാര്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനമെന്നും ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ പോര് കനക്കുകയാണ്. എ, ഐ. ഗ്രൂപ്പുകൾ പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. തങ്ങളെ വിശ്വാസത്തിലെടുക്കാതെ കെ. വേണുഗോപാൽ- വി ഡി സതീശൻ- കെ. സുധാകരൻ ഗ്രൂപ്പുകൾ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ പങ്കിട്ടെടുത്തുവെന്ന വികാരമാണ് ഇരുഗ്രൂപ്പുകളും പ്രതിഫലിപ്പിക്കുന്നത്.