വിമാനനിരക്ക് 14 മുതൽ 61 ശതമാനം വരെ കുറയ്ക്കാനായി; വിമാനനിരക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ വിമാനനിരക്ക് 14 മുതൽ 61 ശതമാനം വരെ കുറയ്ക്കാനായെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സർക്കാർ ഇടപെടലിനെ തുടർന്നാണ് വിമാന നിരക്ക് കുറയ്ക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ നിന്നു വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് കുറവ് രേഖപ്പെടുത്തിയത്. ജൂൺ ആറിനു ചേർന്ന വ്യോമയാന ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിമാന നിരക്ക് കുറയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും പ്രതിദിന വിമാനനിരക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാനക്കമ്പനികൾക്കാണ് വിപണിയിലെ വിവിധ ഘടകങ്ങൾ വിലയിരുത്തി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശം. നിരക്ക് തീരുമാനിക്കുന്നത് പ്രത്യേക അൽഗോരിതം ഉപയോഗിച്ചാണ്. സ്വകാര്യ വിമാനക്കമ്പനികൾക്ക് അവരുടേതായ രീതിയിൽ സാമൂഹിക ഉത്തരവാദിത്തമുണ്ട്. വിവിധ വിഭാഗങ്ങളിൽ നിരക്ക് ഉയർത്തുമ്പോൾ വിമാനക്കമ്പനികൾ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.