ന്യൂഡൽഹി: കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ പ്രവേശനം നേടിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിച്ച ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ച് കാനഡ സർക്കാർ. പഞ്ചാബിൽ നിന്നുള്ള 700 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് കാനഡ നാടുകടത്തുന്നത്. പ്രശ്നപരിഹാരത്തിനായി ഇടപെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രശ്നം പരിഹരിഹാരത്തിനായി നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഹൈക്കമ്മീഷനും വി,യത്തിൽ ഇടപെട്ടു. കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കനേഡിയൻ അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഈ വിദ്യാർത്ഥികളെ നാടുകടത്താനുള്ള തീരുമാനം അധികൃതർ സ്വീകരിച്ചത്. മാർച്ച് മാസത്തിൽ വിദ്യാർത്ഥികൾ കാനഡയിൽ സ്ഥിരതാമസത്തിനുള്ള പിആറിന് അപേക്ഷിച്ചപ്പോഴാണ് ഈ പ്രശ്നം ഉണ്ടായത്.
കുറ്റക്കാരായ കക്ഷികൾ ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. വിഷയത്തിൽ പരിഹാരം കാണാൻ കനേഡിയൻ സർക്കാരും ശ്രമിക്കുന്നുണ്ട്.
പൊതുവിൽ കനേഡിയൻ സംവിധാനങ്ങൾ ഇക്കാര്യത്തിൽ ശരിയായാണ് പ്രവർത്തിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് ജയശങ്കർ വ്യക്തമാക്കിയത്. കാനഡയിൽ വിദ്യാർത്ഥികൾ നാടുകടത്തലിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. തങ്ങൾ പറ്റിക്കപ്പെട്ടതാണെന്നും, പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

