തിരുവനന്തപുരം: എഐ ക്യാമറ പ്രവർത്തനം ആരംഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാൻ കഴിയാതെ മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങളാണ് ക്യാമറ ഉപയോഗിച്ച് ഇതുവരെ കണ്ടെത്തിയത്. എന്നാൽ സാങ്കേതിക തകരാർ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയക്കാൻ പറ്റിയത്.
ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ. പഴയ രീതിയിലെ നമ്പർ പ്ലേറ്റുകളിൽ ഒരു സ്‌ക്രൂവോ മറ്റോ ഉണ്ടെങ്കിൽ അത് പൂജ്യമായി ക്യാമറ വിലയിരുത്തുമെന്നതാണ് മറ്റൊരു പ്രശ്‌നം.
ദൃശ്യങ്ങൾ പരിശോധിച്ച് പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും പ്രശ്‌നം നേരിടുന്നുണ്ട്. സൈറ്റിൽ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റില്ലാത്ത കുറ്റകൃത്യങ്ങൾക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു. അത് കൊണ്ട് കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിലും തടസ്സം നേരിടുന്നുണ്ടെന്നാണ് വിവരം.
എ ഐ ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ ഒരു ദിവസം പരമാവധി ഇരുപത്തി അയ്യായിരം വരെ നോട്ടീസുകൾ അയക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

