ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. എന്നാൽ ഇതിൽ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് അനുവദിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കേരളത്തെ തഴയുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
12 പുതിയ മെഡിക്കൽ കോളേജുകൾ തെലങ്കാനയിൽ മാത്രം കേന്ദ്രം അനുവദിച്ചു. ആന്ധ്രാപ്രദേശിൽ അഞ്ചെണ്ണവും അസമിലും ഗുജറാത്തിലും മൂന്നെണ്ണവും ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ രണ്ട് വീതം, കർണാടകയിൽ മൂന്നെണ്ണവും മഹാരാഷ്ട്രയിൽ നാലെണ്ണവും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ഒന്ന്, നാഗാലാൻഡിൽ ഒന്ന്, ഒഡീഷയിൽ രണ്ട്, രാജസ്ഥാനിൽ അഞ്ച്, തമിഴ്‌നാട്ടിൽ മൂന്ന്, ബംഗാളിൽ രണ്ട്, യുപിയിൽ ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ അനുവദിച്ചിട്ടുള്ള മെഡിക്കൽ കോളേജ്.
ഇപ്പോൾ അനുവദിച്ച കോളേജുകളിൽ 30 എണ്ണം സർക്കാർ കോളേജുകളും 20 സ്വകാര്യ കോളേജുകളുമാണ്. ഇവയിൽ ട്രസ്റ്റുകൾക്ക് അനുവദിച്ചതുമുണ്ട്. കോളേജുകളുടെ പട്ടിക ഔദ്യോഗികമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

