ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 450 സീറ്റുകളിൽ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥികളെ മാത്രം മത്സരിപ്പിക്കാൻ നീക്കം. പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തിൽ ഇക്കാര്യത്തിൽ സജീവ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം 23-ന് പട്നയിൽ വെച്ചാണ് യോഗം ചേരുക.
പട്നയിലെ ഐക്യ സമ്മേളനത്തിൽ ഇരുപതോളം പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിൻ, നിതീഷ് കുമാർ, ഹേമന്ദ് സോറൻ എന്നിവരെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. 543 ലോക്സഭാ മണ്ഡലങ്ങളിൽ 450 ഇടത്തും ബിജെപിക്കെതിരെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാർത്ഥി ഉണ്ടാകണം എന്ന കാര്യമാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുക.
കോൺഗ്രസ് തന്നെയായിരിക്കും പ്രതിപക്ഷ മഹാസഖ്യത്തെ നയിക്കുന്നത്. എല്ലാ പാർട്ടികൾക്കും അർഹിക്കുന്ന പരിഗണന നൽകണമെന്നാണ് പൊതുവായി ഉയർന്ന ആവശ്യം.

