ഇന്ത്യയിൽ അടയ്‌ക്കേണ്ട മുഴുവൻ നികുതിയും അടച്ചില്ല; കുറഞ്ഞ നികുതിയാണ് അടച്ചതെന്ന് ബിബിസി സമ്മതിച്ചുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ അടയ്‌ക്കേണ്ട മുഴുവൻ നികുതിയും അടച്ചില്ലെന്ന് ബിബിസി സമ്മതിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ കുറഞ്ഞ നികുതിയാണ് അടച്ചതെന്ന് ബിബിസി സമ്മതിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 40 കോടി രൂപയോളം വരുമാനം ബിബിസി അടച്ചില്ലെന്ന് നേരത്തെ സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തു വരുന്നത്.

കുറഞ്ഞ തുക അടച്ചതിന് പിഴയും പലിശയും ബിബിസി അടക്കണമെന്ന നിലപാടിലാണ് സർക്കാർ. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നേരത്തെ പരിശോധന നടത്തിയിരുന്നു. വിദേശ സ്ഥാപനങ്ങളുമായുള്ള ചില പണമിടപാടുകൾക്ക് ബിബിസി നികുതി അടച്ചില്ലെന്നാണ് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഡൽഹി, മുംബൈ, എന്നിവിടങ്ങളിലെ ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ബിബിസി ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിച്ചു. സ്ഥാപനം കാണിക്കുന്ന ലാഭവും രാജ്യത്തെ പ്രവർത്തനങ്ങളുടെ സ്‌കെയിലും ആനുപാതികമല്ല. ജീവനക്കാരുടെ മൊഴിയും നിർണായക രേഖകളും കണ്ടെത്തിയതായും ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ മോദി ഡോക്യുമെന്ററി റിലീസായതിന് പിന്നാലെയാണ് ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.