ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ടു. ഞായറാഴ്ച രാത്രി 11 മണിക്കാണ് കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്നും അമിത് ഷാ താരങ്ങളോട് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, താരങ്ങള്‍ നല്‍കിയ അന്ത്യശാസനം ശനിയാഴ്ച അവസാനിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 21 മുതലാണ് ഗുസ്തി താരങ്ങള്‍ എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിവരുന്നത്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും.

