എ ഐ ക്യാമറ; പിഴ ഈടാക്കുന്നതിൽ നിന്ന് വിഐപികളെ ഒഴിവാക്കില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ എ ഐ ക്യാമറ വഴി പിഴ ഈടാക്കി തുടങ്ങുകയാണ്. എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിൽ നിന്ന് വിഐപികളെ ഒഴിവാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കേന്ദ്ര നിയമത്തിൽ അനുശാസിക്കുന്നവ അല്ലാത്ത വാഹനങ്ങളെ ഒരു കാരണവശാലും എ ഐ ക്യാമറകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി പറഞ്ഞു.

നിലവിലും ഇതേ രീതിയാണ് തുടരുത്. മന്ത്രിയായ ശേഷം തനിക്കും ഗതാഗത നിയമലഘനത്തിന് പിഴ ലഭിച്ചിട്ടുണ്ട്. എ ഐ ക്യാമറ കണ്ടെത്തുന്നത് നിയമലംഘനങ്ങളാണ്. അങ്ങനെയുണ്ടായാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും. സുതാര്യവും വിവേചനരഹിതവുമായുള്ള ഗതാഗത നിയമപാലനത്തിനാണ് പദ്ധതി നടപ്പിലാക്കുന്നത്. എ ഐ ക്യാമറകളുടെ മുന്നിൽ വിഐപി എന്നോ അല്ലാത്തവരെന്നോ പ്രത്യേക പരിഗണനയില്ല. എമർജൻസി വാഹനങ്ങൾക്ക് മാത്രമാണ് ഇളവ് ലഭിക്കുക. റോഡിൽ നടക്കാറുള്ള പരിശോധനകളിൽ വിഐപികൾക്ക് ലഭിക്കാറുള്ള പരിഗണന പോലും എ ഐ ക്യാമറയുടെ കാര്യത്തിൽ സാദ്ധ്യമല്ല. ഓഡിറ്റിന് വിധേയമാകുന്നതിനാൽ തന്നെ ഏതെങ്കിലും ഉദ്യോഗസ്ഥന് വിഐപികൾക്ക് ഇളവ് നൽകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷ്യൻ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. സുതാര്യവും, മനുഷ്യ ഇടപെടൽ കുറയ്ക്കുന്നതും, അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ച് വാഹന പരിശോധന വേളയിൽ ഉണ്ടാകുന്ന തർക്കങ്ങളും പരാതികളും അഴിമതിയും ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽഫോൺ ഉപയോഗം, റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗം, അപകടകരമായ പാർക്കിംഗ് തുടങ്ങി പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ ജീവഹാനി വരുത്താവുന്ന അപകടങ്ങൾ ഗണ്യമായി കുറയുന്നതിന് മുൻഗണന നൽകുന്ന പദ്ധതിക്കാണ് മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നതല്ലെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.