ട്രെയിന്‍ അപകടത്തില്‍ മരിച്ചത് 275 പേര്‍; 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചത് 275 പേരെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. 88 മൃതദേഹങ്ങള്‍ തിരിച്ചറിയുകയും 78 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

സിഗ്‌നല്‍ സംവിധാനത്തിലെ പാളിച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും സുരക്ഷാ കമ്മിഷണറുടെ വിശദമായ റിപ്പോര്‍ട്ടിനു ശേഷമാകും അന്തിമ നിഗമനത്തിലെത്തുകയെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു. കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണ് അപകടത്തില്‍പെട്ടത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയില്ല. കൊറമാണ്ഡല്‍ എക്‌സ്പ്രസ് പരമാവധി വേഗത്തിലായത് ആള്‍ നാശത്തിനിടയാക്കി. ഒഡീഷയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കി. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ സര്‍വീസുകള്‍. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേകം കോച്ച് ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി. ഒഡീഷ സര്‍ക്കാര്‍ കൊല്‍ക്കത്തയിലേക്ക് സൗജന്യ ബസ് സര്‍വീസ് ഒരുക്കിയിട്ടുമുണ്ട്.

അതേസമയം, വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കൊറമാണ്ഡല്‍ എക്‌സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര -ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുട്രെയിനും ബാലസോറില്‍ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. 1091 പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ 56 പേരുടെ നില ഗുരുതരമാണെന്ന് റെയില്‍വേ അറിയിച്ചു. പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്ധ സംഘം ബാലസോറിലെത്തും.