ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി വിജയൻ രണ്ടു തവണ മുഖ്യമന്ത്രിയായത്; വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നിരപരാധികളെ കുരിശിലേറ്റിയാണ് പിണറായി വിജയൻ രണ്ടു തവണ മുഖ്യമന്ത്രിയായത് എന്ന യാഥാർത്ഥ്യം ജനങ്ങളിൽ എത്തിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇനി പിണറായി വിജയൻ എങ്ങനെ ജനങ്ങളുടെ മുഖത്തുനോക്കുമെന്ന് കെ സുധാകരൻ ചോദിച്ചു.

പത്തുകോടി രൂപ മുടക്കി ഒരു വ്യാജാരോപണം ഉയർത്തിക്കൊണ്ടു വരുകയും അതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷനെ അഞ്ചു കോടി രൂപ മുടക്കി അട്ടിമറിക്കുകയും ചെയ്ത് രണ്ടു തവണ പിണറായി വിജയൻ അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണ് സിപിഐ നേതാവ് സി ദിവാകരൻ പുറത്തുവിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോളാർ കേസിലെ കോഴ ഇടപാടുകളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ ജൂഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേരു പറയാൻ സിപിഎം തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് നേരത്തെ പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് പെരുമഴപോലെ ആരോപണങ്ങൾ പെയ്തിറങ്ങുകയും സിപിഎം സമരപരമ്പരകർ അഴിച്ചുവിടുകയും ചെയ്തതിനുശേഷമാണ് യുഡിഎഫ് സർക്കാർ 2014ൽ ജൂഡീഷ്യൽ അന്വേഷണം നടത്തിയത്. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പിണറായി വിജയന്റെ പ്രധാന ആയുധം സോളാർ വിവാദമായിരുന്നു.

തുടക്കം മുതൽ കമ്മീഷന്റെ പ്രവർത്തനം സംശയാസ്പദമായിരുന്നു. ഉമ്മൻ ചാണ്ടിയെ മുൾമുനയിൽ നിർത്തി പാതിരാവരെ വിചാരണ ചെയ്തപ്പോൾ പരാതിക്കാരിയോട് മൃദുല സമീപനം സ്വീകരിച്ചു. ഉമ്മൻ ചാണ്ടിയേയും സഹപ്രവർത്തകരേയും ആണിതറച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നതിന്റെ പിന്നാമ്പുറത്തുനടന്ന കാര്യങ്ങളാണ് സി ദിവാകരൻ ഇപ്പോൾ വെളിപ്പെടുത്തിയത്. തികച്ചും വസ്തുതാവിരുദ്ധമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ഹൈക്കോടതി ചവറ്റുകൊട്ടയിൽ തള്ളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2016ൽ പിണറായി വിജയൻ അധികാരമേറ്റ ഉടനെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് 3 തവണ അന്വേഷണം നടത്തിച്ച് വിഷയം സജീവമാക്കി നിർത്തി. എന്നാൽ ആരോപണവിധേയരായവരെ കുടുക്കാൻ പിണറായിയുടെ കേരള പോലീസിനു കഴിയാതെ വന്നപ്പോൾ 2021ൽ കേസ് സിബിഐക്കു വിട്ടുകൊണ്ട് പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പ് നയിച്ചു. പിണറായി വിജയൻ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകൾ ജയിച്ചതിന്റെ പിന്നിലെ കുടില തന്ത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നതെന്നും സുധാകരൻ ആരോപിക്കുന്നു.