തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ എഐ ക്യാമറകൾ പ്രവർത്തനനിരതമാകും. പിഴ ഈടാക്കുന്ന പ്രവൃത്തികൾ ഏകോപിപ്പിക്കുന്നത് മോട്ടോർ വാഹനവകുപ്പും കെൽട്രോണും സംയുക്തമായാണ്. പ്രതിമാസം രണ്ട് ലക്ഷം വരെ ചെലാൻ അയക്കാനാണ് തീരുമാനം. ഇതിന് വേണ്ടി കെൽട്രോണിൽ 146 ജീവനക്കാരുണ്ട്. മോട്ടോർവാഹന ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം കെൽട്രോണിലെ ജീവനക്കാരായിരിക്കും ചെലാൻ അയക്കുന്നത്. സംസ്ഥാനത്തെ ഗതാഗതനിയമങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാനായാണ് എഐ ക്യാമറകൾ സ്ഥാപിച്ചത്.
726 എ ഐ ക്യാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുളളത്. മേയ് അഞ്ച് മുതൽ ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയിരുന്നു. ട്രയൽ റൺ നടത്തിയപ്പോൾത്തന്നെ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസയച്ച് തുടർ നടപടികളിലേക്ക് കടക്കും .സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, ഇരുചക്രവാഹനങ്ങളിൽ ഒന്നിൽ കൂടുതലാളുകൾ സഞ്ചരിക്കുക തുടങ്ങിയവ ഉൾപ്പെടെയുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങളായിരിക്കും ക്യാമറകൾ പകർത്തുക. 675 എഐ ബേസ്ഡ് എൻഫോഴ്സ്മെന്റ് സിസ്റ്റവും ഇതിൽപ്പെടുന്നു. 12 വയസിൽ താഴെയുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചാൽ പിഴ ഈടാക്കേണ്ടതില്ല എന്നാണ് നിലവിലെ തീരുമാനം.
എന്നാൽ, സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള 726 റോഡ് ക്യാമറകളിൽ പത്തെണ്ണം ഇതിനോടകം തന്നെ വാഹനമിടിച്ച് നശിച്ചതായാണ് റിപ്പോർട്ട്. വാഹനമിടിച്ച് ക്യാമറകൾക്ക് നാശനഷ്ടമുണ്ടായാൽ വാഹന ഉടമകളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നീക്കം. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്താൽ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടോർവാഹന വകുപ്പ് ആദ്യമേ അനുവദിച്ച് നൽകും. നിയമനടപടികൾ പൂർത്തിയായ ശേഷം ചിലവായ തുക വാഹന ഉടമയിൽ നിന്നും ഈടാക്കുമെന്നാണ് റിപ്പോർട്ട്.

