ഒഡീഷയിലെ ട്രെയിൻ അപകടം; അനുശോചനം അറിയിച്ച് ലോക നേതാക്കൾ

ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ലോക നേതാക്കൾ. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കും റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ഉൾപ്പെടെയുള്ള നിരവധി ലോക നേതാക്കളാണ് ഇന്ത്യയുടെ ദു:ഖത്തിൽ പങ്കുചേർന്നത്. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പുടിൻ പറഞ്ഞു. ട്രെയിൻ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ തങ്ങൾ പങ്കുചേരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്രെയിൻ അപകടത്തിൽ അഗാത ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. തന്റെ ചിന്തകളും പ്രാർത്ഥനകളും നരേന്ദ്രമോദിയോടൊപ്പവും ഒഡീഷയിലെ ദാരുണമായ സംഭവങ്ങളാൽ ബാധിക്കപ്പെട്ട എല്ലാവർക്കുമൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒഡീഷയിലെ ദാരുണമായ ട്രെയിൻ അപകടത്തിൽ ദുഃഖിതനാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ വ്യക്തമാക്കി. ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും തന്റെ ഹൃദയം തകർക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.