ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ചില ഗുരുതര വെല്ലുവിളികൾ നേരിടുകയാണെന്ന് മുന്നറിയിപ്പ് നൽകി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ ഏജൻസികൾ. തീരെ പ്രായം കുറഞ്ഞ കുട്ടികളോ പതിനെട്ടു വയസ്സ് തികയുക മാത്രം ചെയ്തിട്ടുള്ള യുവാക്കളോ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ഏജൻസികൾ കണ്ടെത്തി.
രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്ര സുരക്ഷാ സംഘങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവുമാണ് ഈ കുട്ടികൾ സൂക്ഷിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് നിലവിലുള്ള വ്യവസ്ഥിതികൾക്ക് എതിരായി പ്രവർത്തിക്കാൻ സന്നദ്ധരായവരുടെ സംഘമാണിത്. പതിനഞ്ചും ഇരുപതും പേരെയോളം ഒറ്റയടിക്ക് കൊലപ്പെടുത്താൻ ശേഷിയുള്ള വൻ തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്താനുള്ള പദ്ധതികൾ പോലും ഇവരുടെ കൈവശമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
അയ്യായിരം രൂപ മുതൽ എണ്ണായിരം രൂപ വരെ വില വരുന്ന സ്ഫോടക വസ്തുക്കളാണ് ഈ സംഘം ഉപയോഗിക്കുന്നത്. സിറിയയിലും അഫ്ഗാനിസ്ഥാനിലും നിന്നുള്ള സ്ഫോടക വസ്തു ഡീലർമാരുമായി വരെ ഈ യുവ സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

