ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമീപത്തു തന്നെ ഉണ്ടാകണം; കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ പോലീസിനുള്ള നിര്‍ദ്ദേശം തയ്യാര്‍

തിരുവനന്തപുരം: കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിക്കുമ്പോള്‍ പൊലീസിന് പുതിയ നിര്‍ദ്ദേശവുമായി മെഡിക്കോ ലീഗല്‍ പ്രോട്ടോകോള്‍. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്. ഇതിന്റെ കരട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയില്‍ നല്‍കി.

നിര്‍ദ്ദേശങ്ങള്‍ അറിയാം…

പൊലീസ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമീപത്തുതന്നെ ഉണ്ടാകണം.

മാറിനില്‍ക്കണമെന്ന് പൊലീസിനോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയാണെങ്കില്‍, ആക്രമണമുണ്ടായാല്‍ തടയാവുന്ന ദൂരത്തില്‍വേണം നില്‍ക്കാന്‍.

പ്രതികളെ പരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ കത്രിക, കത്തി തുടങ്ങിയ വസ്തുക്കള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷിത അകലത്തില്‍ സൂക്ഷിക്കണം.

കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ പൊലീസ് സ്വയംനിരീക്ഷണത്തിലൂടെയോ നാട്ടുകാരില്‍നിന്നോ മനസ്സിലാക്കണം.

നേരിട്ട് ആശുപത്രിയിലേക്ക് എത്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്റ്റേഷനില്‍ അറിയിക്കണം. സ്വഭാവത്തില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ കൈവിലങ്ങണിയിക്കാം. ശാന്തനാകുന്നപക്ഷം ഊരിമാറ്റുകയുംചെയ്യാം.

കൈവശം ഒരുതരത്തിലുള്ള ആയുധവുമില്ലെന്ന് ഉറപ്പാക്കണം. മയക്കുമരുന്നോ വിഷമോ ശരീരത്തില്‍ ഒളിപ്പിച്ചിട്ടില്ലെന്നും ഉറപ്പാക്കണം. അക്രമവാസന കാണിക്കുന്നയാളെങ്കില്‍ വൈദ്യപരിശോധനയ്ക്കുമുമ്പേ അക്കാര്യം ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിക്കണം.

അക്രമാസക്തനായാല്‍ ശാന്തനാക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസിനെ സഹായിക്കണം.

അറസ്റ്റിലായ വ്യക്തിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യുമ്പോള്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേക നിര്‍ദേശമില്ലാതെ വിലങ്ങണിയിക്കരുത്. വാറന്റ് നടപ്പാക്കാനായി വ്യക്തികളെ അറസ്റ്റുചെയ്താലും മജിസ്‌ട്രേറ്റിന്റെ ഉത്തരവോടെ മാത്രമേ കൈവിലങ്ങണിയിക്കാവൂ. അറസ്റ്റിലായവരെ സ്റ്റേഷനിലും മജിസ്‌ട്രേറ്റിനും മുന്നിലും എത്തിക്കുന്നതുവരെ കൈവിലങ്ങ് വേണമെന്ന് പൊലീസിന് തോന്നിയാല്‍ അതാകാം.