ഒഡീഷയിലെ ട്രെയിൻ അപകടം; ദുരന്ത സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ ബലാസോർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിലും അദ്ദേഹം സന്ദർശനം നടത്തും.

സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. അപകടത്തെക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി സ്ഥ്ിതിഗതികൾ വിലയിരുത്തും.

238 പേരാണ് അപകടത്തിൽ മരിച്ചത്. 900 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസിന്റെ 10-12 കോച്ചുകൾ ബാലേശ്വരിന് സമീപം പാളം തെറ്റി എതിർ ട്രാക്കിൽ വീണു. മിനുറ്റുകളുടെ വ്യത്യാസത്തിൽ യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ ഇതിലേക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

അതേസമയം, ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമാണ് ദുരന്തത്തിന് ഇരയായവർക്ക് ധനസഹായം പ്രഖ്യാപിച്ചത്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.