ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്; സാബു എം ജേക്കബിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ വിമർശനവുമായി ഹൈക്കോടതി. അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി സാബു എം ജേക്കബിനെതിരെ വിമർശനം ഉന്നയിച്ചത്. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് കോടതി ചോദിച്ചു.

സാബു എം ജേക്കബ് നൽകിയ ഹർജിയുടെ സത്യസന്ധത സംശയിക്കുന്നു. ആന നിലവിൽ തമിഴ്‌നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട് പറയുന്നത്. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്ന് കോടതി ചോദിക്കുന്നു. 80 ലക്ഷം രൂപയാണ് അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ ചെലവഴിച്ചത്. കേരള സർക്കാർ കടബാധ്യതയിലാണ്.. സാബു ആണെങ്കിൽ ബിസിനസിൽ മികച്ച് നിൽക്കുന്നു. തമിഴ്‌നാട് സർക്കാർ ആനയെ മാറ്റാൻ തയ്യാറായാൽ എല്ലാ ചിലവും സാബു വഹിക്കുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. സാബുവിന് മുഴുവൻ ചിലവും വഹിക്കാമല്ലോ, രാഷ്ട്രീയ പാർട്ടി നേതാവ് കൂടിയല്ലേ അദ്ദേഹമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്‌നാട് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്. പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. അരിക്കൊമ്പൻ ഹർജിയിൽ അതുണ്ടോ. ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ചോദിക്കുന്നു.