അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണം; ജോസ് കെ മാണി

കോട്ടയം: തമിഴ്‌നാട്ടിലെ കമ്പം ടൗണിൽ അരിക്കൊമ്പൻ എത്തിയ വാർത്തയോട് പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. കേന്ദ്ര സർക്കാർ വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ തയാറാകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. അതേസമയം, കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് പിടികൂടി ഉൾക്കാട്ടിൽ വിടുമെന്നാണ് റിപ്പോർട്ട്. ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡി ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.