കൊച്ചി: കൊച്ചിയിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. കുറഞ്ഞ പവറുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററിയിൽ കൃത്രിമത്വം വരുത്തിയുള്ള വില്പന വ്യാപകമാണെന്ന വിവരത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ലൈസൻസോ രജിസ്റ്ററേഷനോ വേണ്ടാത്ത ബൈക്കുകളിൽ നാലിരട്ടി ശേഷിയുള്ള ബാറ്ററി ഘടിപ്പിച്ചാണ് അമിതവേഗതയിൽ നിരത്തിലിറക്കുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു.
സൈക്കിൾ പോലെ ഓടിക്കാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിൽ വലിയ കൃത്രിമത്വമാണ് നടന്നിട്ടുള്ളത്. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
250 വാട്ട് ബാറ്ററിക്ക് 25 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാം എന്നതാണ് യഥാർത്ഥ മാനദണ്ഡം. എന്നാൽ, പരിശോധനയിൽ കണ്ടത് നാലിരട്ടി വ്യത്യാസമുള്ള ബാറ്ററികളാണ്. 250 വാട്ട് ബാറ്ററിക്ക് പകരം ഇത്തരം വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത് 1000 വാട്ട് ബാറ്ററിയാണ്. ഈ ബാറ്ററിയിൽ വാഹനത്തിന് 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. 1000 വാട്ട് ബാറ്ററിയാണെന്ന് കണ്ടെത്തിയത്. എറണാകുളം ജില്ലയിൽ 12 ഷോറൂമുകളിൽ ഇത്തരം കൃത്രിമത്വം കണ്ടെത്തി. ഇതിൽ നാലെണ്ണം കൊച്ചി നഗരത്തിലാണ്. കുസാറ്റിലെ ലാബിലെത്തിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.

