സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് പരിക്കേറ്റു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. താമരശ്ശേരിയിലാണ് ഇത്തവണ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് (35) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.

പിതാവിനൊപ്പം റബർ ടാപ്പിങ് ചെയ്യുന്നതിനിടെയായിരുന്നു റിജേഷിനെ കാട്ടുപോത്ത് ആക്രമിച്ചത്. സംസാരശേഷിയില്ലാത്ത വ്യക്തിയാണ് റിജേഷ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലും കാട്ടുപോത്തിന്റെ ആക്രമണം നടന്നിരുന്നു. മൂന്ന് പേർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.