‘തേങ്ങ തോര്‍ത്തില്‍ പൊതിഞ്ഞ് ആക്രമിക്കുന്ന സ്ഥിതിയുണ്ടായിട്ടും കേരള പൊലീസ് സഹനത്തോടെ നേരിട്ടു’: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് തേങ്ങയടക്കം തോര്‍ത്തില്‍ പൊതിഞ്ഞ് ആക്രമിക്കുന്ന സ്ഥിതിവരെയുണ്ടായെന്നും, എന്നാല്‍, അതിനെയെല്ലാം പൊലീസ് സഹനത്തോടെ നേരിട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

‘നാടിന്റെ ആവശ്യങ്ങളോടൊപ്പം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് കേരള പൊലീസ്. മതനിരപേക്ഷ നാടാണ് കേരളം. എന്നാല്‍ അത്തരമൊരു അവസ്ഥ ഇവിടെ ഉണ്ടായിക്കൂടായെന്ന് ചിന്തിക്കുന്നവരും ഉണ്ട്. വര്‍ഗീയ ചേരിതിവിനാണ് ഇവരുടെ ശ്രമം. ഇത്തരം ശ്രമങ്ങളെ വിട്ടു വീഴ്ച്ചയില്ലാതെ നേരിടുന്ന പൊലീസാണ് നമ്മുടേത്. പൊലീസിന്റെ ഭാഗത്തു നിന്നും ജനവിരുദ്ധ സമീപനമുണ്ടായപ്പോള്‍ കടുത്ത നിലപാട് സര്‍ക്കാര്‍ എടുത്തു. നാടിന്റെ ആവശ്യങ്ങളോടൊപ്പം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് കേരള പൊലീസ്. കോഴിക്കോട് കൊലപാതകം പൊലീസ് മികവാര്‍ന്ന രീതിയില്‍ അന്വേഷിച്ചു കണ്ടെത്തി. പ്രതികളെല്ലാം കസ്റ്റഡിയിലായി.നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കാനാവില്ല. ഓണ്‍ ലൈന്‍ വ്യക്തിഹത്യ സംസ്ഥാനത്ത് നിര്‍ബാധം തുടരുന്നു. ഈ കേസുകളില്‍ മറ്റ് കാര്യങ്ങളെ പോലെ പൊലീസ് വേണ്ടത്ര മികവ് കാണിക്കുന്നില്ല. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.അതുപോര അഴിമതി ഇല്ലാത്ത സംസ്ഥാനമായി നമുക്ക് മാറണം. ഉദ്യോഗസ്ഥരാകെ അഴിമതിക്കാരല്ല എന്ന് നമുക്ക് പറയാനാവില്ല. ചില പുഴുക്കുത്തുകള്‍ അവിടെയിവിടെയൊക്കെയുണ്ട്. അവരെ കര്‍ശനമായി നേരിടണം ഓരോരുത്തരും അഴിമതിക്കാരാവാതിരിക്കുക എന്നത് മാത്രമല്ല സമീപത്ത് ഉള്ളവരുടെ കൂടി അഴിമതി തടയാന്‍ ശ്രമിക്കണം. അഴിമതി പൂര്‍ണമായും തുടച്ചു നീക്കണം. ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം.ക്യത്യമായ കര്‍മ്മ പദ്ധതി തയ്യാറാക്കണം. നല്ല ഏകോപനമുണ്ടാവണം. ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതു കൊണ്ട് മാത്രം അന്വേഷണം അവസാനിപ്പിക്കരുത്. ഉത്ഭവസ്ഥാനത്ത് എത്താന്‍ പൊലീസിന് കഴിയണം.’