തിരുവനന്തപുരം: 2020നേക്കാള്‍ 88,000ത്തിലധികം കൊവിഡ് മരണങ്ങള്‍ 2021ല്‍ ഉണ്ടായതായി സംസ്ഥാന സര്‍ക്കാരിന്റെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട്. 2021ല്‍ സിവില്‍ രജിസ്ട്രേഷന്‍ പ്രകാരം മൊത്തം മരിച്ചത് 3,39,648 പേരാണ്. 2020നേക്കാള്‍ 88,665 പേര്‍ അധികം മരിച്ചു. രണ്ടര ലക്ഷത്തിനും രണ്ടേമുക്കാല്‍ ലക്ഷത്തിനും ഇടയ്ക്കാണ് സംസ്ഥാനത്ത് ഒരു വര്‍ഷമുണ്ടാകാറുള്ള ശരാശരി മരണം എന്നിരിക്കെയാണിത്.
55 വയസിന് മുകളില്‍ പ്രായമുള്ള 77,316 പേരാണ് 2021ല്‍ അധികം മരിച്ചത്. 2020ല്‍ നിന്ന് വ്യത്യസ്തമായി 3896 പേര്‍ ന്യൂമോണിയ കാരണം മാത്രം മരിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുണ്ടായ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമായി 1,10,070 പേര്‍ മരിച്ചു. കൊവിഡ് മരണം ഉയര്‍ന്നുനിന്ന സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മൊത്തം മരണവും വിരല്‍ ചൂണ്ടുന്നത് കൊവിഡിലേക്കെന്ന് വിദഗ്ദര്‍ പറയുന്നു.
അതേസമയം, 2021ല്‍ കൊവിഡ് മരണം 38,979 എന്നാണ് സര്‍ക്കാരിന്റെ കൊവിഡ് ഡാഷ് ബോര്‍ഡിലെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണം 71,923. അവിടെയാണ് 2021ല്‍ മാത്രമുണ്ടായ 88,665 അധികമരണം പ്രസക്തമാകുന്നത്.

