വീണ്ടും തിരിച്ചടി; എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി. കൊച്ചിയിലെ വിചാരണക്കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിലാണ് നിലവിൽ ശിവശങ്കർ. ചികിത്സാർത്ഥമെന്ന കാരണം പറഞ്ഞാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

അതേസമയം, ജാമ്യ ഉപാധികളിൽ ഇളവ് തേടി യൂണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയും കോടതി തള്ളി. തന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പൻ ഉന്നയിച്ച ആവശ്യം. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നത്.

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതിയിൽ ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നത്. യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ് യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയതെന്നും സ്വപ്ന സുരേഷും സരിത്തുമടക്കം യൂണിടാക്കിനെ തിരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണെന്നും തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു.