ലഹരി മരുന്ന് കച്ചവടം തടയാൻ നടപടികളുമായി ബീമാപള്ളി മഹൽ ജമാഅത്ത്; ലഹരി കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയിൽ വിലക്കേർപ്പെടുത്തും

തിരുവനന്തപുരം: ലഹരി മരുന്ന് കച്ചവടം തടയാൻ നടപടികളുമായി ബീമാപള്ളി മഹൽ ജമാഅത്ത്. ഇതിനായി ബീമാപള്ളി മഹൽ ജമാഅത്ത് പുതിയ ഉത്തരവ് പുറത്തിറക്കി. തിരുവനന്തപുരത്തെ ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയിൽ വിലക്കേർപ്പെടുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലാകുന്ന അംഗങ്ങളെ കമ്മിറ്റിയിൽ നിന്ന് 5 വർഷത്തേക്ക് വിലക്കും.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ചെങ്കൽ സ്വദേശികളായ മുഹമ്മദ് സിറാജ്, നന്ദു എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്ത് പുതിയ തീരുമാനം സ്വീകരിച്ചത്. 1.4 കിലോ കഞ്ചാവ് കൈവശം വെച്ചുവെന്ന കേസിലായിരുന്നു അറസ്റ്റ്്. അറസ്റ്റിലായ സിറാജിനെ കമ്മിറ്റിയുടെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി. പള്ളികാര്യങ്ങളിൽ യാതൊന്നിലും സിറാജിന് ഇടപെടാൻ കഴിയില്ല. ജമാഅത്ത് തെരഞ്ഞെടുപ്പിൽ വോട്ടവകാശവും ഇയാൾക്ക് ഉണ്ടായിരിക്കില്ല.

വ്യക്തികളുടെ അംഗത്വം നിരോധിക്കുന്നത് വ്യാപക പ്രത്യാഘാതം ഉണ്ടാക്കും. വളരെ ആഴത്തിലുള്ള കുടുംബന്ധങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ വിഷയം വളരെ വലിയ രീതിയിൽ ചർച്ചയാകും. കുടുംബത്തിന്റെ ആത്മാഭിമാനം വരെ ചോദ്യം ചെയ്യപ്പെടുമെന്നും അതിനാൽ കുടുംബാംഗങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റ് അംഗങ്ങളെ നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എംകെഎം നിയാസ് അറിയിച്ചു.