ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മികച്ച സൈന്യങ്ങളിലൊന്നായി ഇന്ത്യൻ സൈന്യം മാറിയെന്നും ലോകം അതിനെപറ്റി ചർച്ച ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കൂട്ടായ പരിശ്രമവും പങ്കാളിത്തവും ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യം അതിർത്തികളിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രതിരോധരംഗം സാങ്കേതിക മുന്നേറ്റത്തിന് വിധേയമാകണം. ഇതിനായി ഡിആർഡിഒയും മറ്റ് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കണം.പ്രതിരോധ ഗവേഷണരംഗം ഇതിലൂടെ വളർച്ച നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതിരോധമേഖലയിലെ സാങ്കേതിക മുന്നേറ്റത്തിന്റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി. അതിർത്തികളിലെ ഭീഷണികൾ കണക്കിലെടുത്ത് സാങ്കേതികരംഗം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

