പുന്നമടക്കായലിൽ മിന്നൽ പരിശോധനയുമായി തുറമുഖ വകുപ്പ്; 30 പേർക്ക് കയറാവുന്ന ബോട്ടിൽ കുട്ടികൾ ഉൾപ്പെടെ 62 പേർ

ആലപ്പുഴ: പുന്നമടക്കായലിൽ മിന്നൽ പരിശോധനയുമായി തുറമുഖ വകുപ്പ്. അമിതമായി ആളുകളെ കയറ്റി സർവീസ് നടത്തിയ മോട്ടോർ ബോട്ട് അധികൃതർ പിടിച്ചെടുത്തു. 30 പേർക്ക് കയറാവുന്ന ബോട്ടിൽ കുട്ടികൾ ഉൾപ്പെടെ 62 പേരെ കയറ്റിയിരുന്നു. എബനേസർ എന്ന ബോട്ടാണ് അധികൃതർ പിടിച്ചെടുത്തത്. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ മകൻ ടോബിയുടെ ഉടമസ്ഥതയിലുള്ളതാണ് എബനേസർ എന്ന ബോട്ട്.

ബോട്ടിനുള്ളിൽ 20 പേർക്കും അപ്പർ ഡക്കിൽ 10 പേർക്കും മാത്രം ഇരിക്കാൻ അനുവാദമുള്ള ബോട്ടായിരുന്നു ഇത്. എന്നാൽ അപ്പർ ഡക്കിൽത്തന്നെ മുപ്പതിലധികം ആളുകളുണ്ടായിരുന്നു. പുന്നമടയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്.