മണിപ്പൂര്‍, തമിഴ്‌നാട് നിയമസഭാ മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ സോണിയയുടെ യോഗ്യത എന്തായിരുന്നു?; കോണ്‍ഗ്രസിനോട് ബിജെപി

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ഉയരുന്ന കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കെതിരെ മറുചോദ്യവുമായി ബിജെപി രംഗത്ത്. മണിപ്പൂരിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ മന്ദിരങ്ങള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. അന്ന് സോണിയയുടെ യോഗ്യത എന്തായിരുന്നു എന്നാണ് ബിജെപി ചോദിക്കുന്നത്.

കോണ്‍ഗ്രസിന്റെ കാപട്യത്തിന് അതിരുകളില്ല എന്നാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാര്‍ലമെന്റ് ഹൗസ് അനക്സ് ഉദ്ഘാടനം ചെയ്യുകയും പിന്‍ഗാമി രാജീവ് ഗാന്ധി 1987ല്‍ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തത് ഓര്‍മിപ്പിച്ചു കൊണ്ട് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പ്രതികരിച്ചത്. ‘2011ല്‍ മണിപ്പൂരില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും ചേര്‍ന്ന് നിയമസഭാ മന്ദിരവും സമുച്ചയവും ഉദ്ഘാടനം ചെയ്തതില്‍ കോണ്‍ഗ്രസിന് പ്രശ്നമൊന്നുമില്ലേ? മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും ചേര്‍ന്ന് തമിഴ്നാട് നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തപ്പോഴും സോണിയ ഗാന്ധിയുടെ യോഗ്യത എന്തായിരുന്നു? ബീഹാര്‍ നിയമസഭയുടെ സെന്‍ട്രല്‍ ഹാള്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. ഈ അവസരങ്ങളിലെല്ലാം രാഷ്ട്രപതിയും ഗവര്‍ണര്‍മാരും അപമാനിക്കപ്പെട്ടോ? കോണ്‍ഗ്രസിനെ ‘കാപട്യത്തിന്റെ മാതാവ്’ ആണ്’-എന്നും പൂനവല്ല ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ‘ഈ സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. സ്വേച്ഛാധിപത്യ രീതിയിലൂടെ പുതിയ പാര്‍ലമെന്റ് നിര്‍മിച്ചതിനെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല’-എന്ന് 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം ഒറ്റയ്ക്ക് ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തിലൂടെ പ്രസിഡന്റ് ദ്രൗപതി മുര്‍മു പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെടുകയാണെന്നും ഇത് ഒരു ജനാധിപത്യ രാജ്യത്തിന് നിരക്കുന്നതല്ല എന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ യുണൈറ്റഡ്, സിപിഐ (മാര്‍ക്‌സിസ്റ്റ്), സിപിഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യുബിടി), രാഷ്ട്രീയ ജനതാദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരള കോണ്‍ഗ്രസ്-എം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈഗല്‍ കച്ചി, മറുമലര്‍ച്ചി ഡിഎംകെ, രാഷ്ട്രീയ ലോക്ദള്‍ എന്നിവയാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട മറ്റ് പാര്‍ട്ടികള്‍.