കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് 17,000 സ്കൂൾ ബസുകളുടെ പരിശോധന പൂർത്തീകരിച്ചു. ട്രാൻസ്പോർട് കമ്മിഷണർ എസ് ശ്രീജിത്താണ് ഇക്കാര്യം അറിയിച്ചത്. മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ച 56 ഇന നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാണ് സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് മുഴുവൻ വാഹനങ്ങളുടെയും പരിശോധന പൂർത്തിയാക്കാനാണ് മോട്ടർ വാഹനവകുപ്പ് ലക്ഷ്യമിടുന്നതെന്ന് കമ്മിഷണർ അറിയിച്ചു.
പരിശോധന നടത്തിയവയിൽ 3,000 വാഹനങ്ങളിലാണ് വീഴ്ച കണ്ടെത്തിയത്. പോരായ്മകൾ പരിഹരിച്ച് ഈ വാഹനങ്ങൾ വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണമെന്നാണ് നിർദ്ദേശം. വാഹനങ്ങളിലെ ഇരിപ്പിടങ്ങൾ, വേഗത നിയന്ത്രണം, ജിപിഎസ് എന്നിവയിലാണ് വീഴ്ചകൾ കണ്ടെത്തിയത്.
അതേസമയം, വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്കൂൾ തുറന്നശേഷം സ്ക്വാഡുകൾ പ്രവർത്തിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

