സത്യേന്ദ്ര ജെയിനിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഒരുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം.

എന്നാല്‍, അനുമതിയില്ലാതെ ഡല്‍ഹി വിടരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. താത്പര്യമുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള അനുമതിയും കോടതി നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, ചികിത്സയുമായി ബന്ധപ്പെട്ട് പ്രസക്തമായ എല്ലാ രേഖകളും കോടതിക്കുമുമ്പാകെ സമര്‍പ്പിക്കണം എന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് പരിക്കേറ്റ സത്യേന്ദ്ര ജെയിനിനെ കഴിഞ്ഞ ദിവസം ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പിന്നീട് ലോക് നായക് ജയപ്രകാശ് നാരായണന്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് ജെയിനിനെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.