ആര്‍.ആര്‍. ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനത്തിലൂടെ ഇന്ത്യയ്ക്ക് അഭിമാനമായ പ്രശസ്ത സംഗീത സംവിധായകന്‍ എം.എം. കീരവാണി വീണ്ടും മലയാളത്തിലേക്ക്. വിജീഷ് സംവിധാനം ചെയ്യുന്ന മജീഷ്യന്‍ എന്ന ചിത്രത്തിലാണ് ഇനി കീരവാണി സംഗീതം.
ഗിന്നസ് പക്രു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും 28ന് വൈകിട്ട് 5ന് തിരുവനന്തപുരം ലുലുമാളില്‍ നടക്കും. ചടങ്ങില്‍ കീരവാണി പങ്കെടുക്കും. ഇളയരാജയ്ക്കുശേഷം ഗിന്നസ് പക്രു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്.
1990-ല്‍ പുറത്തിറങ്ങിയ മനസ് മമത എന്ന ചിത്രമാണ് തെലുങ്ക് സിനിമയില്‍ കീരവാണിയെ അടയാളപ്പെടുത്തുന്നത്. ഐ.വി. ശശിയുടെ നീലഗിരിയാണ് മലയാളത്തിലെ ആദ്യ ചിത്രം. പിന്നാലെ എത്തിയ ചിത്രമായിരുന്നു സൂര്യമാനസം. ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം സിനിമയില്‍ പിറന്നത് ഒന്നിനോടൊന്ന് മികവുറ്റ ഗാനങ്ങള്‍. 27 വര്‍ഷത്തിനുശേഷം കീരവാണി വീണ്ടും മലയാളത്തിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് സംഗീത പ്രേമികള്‍.

