അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്; ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി. പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിൽ നിന്ന് ലക്ഷങ്ങൾ കണ്ടെടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാരിനെന്ന് അദ്ദേഹം പറഞ്ഞു.

എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്. ഒരാൾ വ്യാപകമായി അഴിമതി നടത്തുകയാണ്. വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്. ഇത്തരമൊരു ജീവിതം ഈ മഹാൻ നയിക്കുമ്പോൾ ഓഫീസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ല എന്ന് പറയാനാകുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

ഒരു വിഭാഗം ഇത്തരം അഴിമതിയുടെ രുചി അറിഞ്ഞവരാണ്. ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാർ. അഴിമതി തടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ല. അപചയം പൊതുവിൽ അപമാനകരമാണ്. സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥർ മാറണം. ജനങ്ങൾക്ക് സേവനം കൃത്യമായി ലഭിക്കണം. ജനങ്ങൾ ഏറ്റവും കൂടുതൽ പ്രശ്‌നം നേരിടുന്നത് രണ്ടിടങ്ങളിൽ നിന്നാണ്. വില്ലേജ് ഓഫീസും, തദ്ദേശ സ്ഥാപനങ്ങളും, ഉദ്യോഗസ്ഥർ ജനസൗഹൃദ നിലപാട് സ്വീകരിക്കണം. അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളുടെ വേഗത ഈ സർക്കാർ കൂട്ടി. എത്ര കാലവും ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായി. ഇതിന് ഫയൽ തീർക്കൽ യജ്ഞം നടത്തി. എന്നാൽ ചിലയിടങ്ങളിൽ വേണ്ടത്ര ഉണ്ടായില്ല. ജനങ്ങൾക്ക് യഥാസമയം സേവനം ലഭ്യമാക്കണം. അതിനുള്ള തുടർ നടപടി ഉണ്ടാകുമെന്നുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.