ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രപതി ദ്രൗപതി മുർമുവിന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം നൽകാത്തതിലൂടെയും രാഷ്ട്രപതിയെ കക്ഷിയാക്കത്തതിലൂടെയും രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടന പദവിയെ അവഹേളിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഹന്തയുടെ ഇഷ്ടികകൾ കൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാണ് പാർലമെന്റ് നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ ആണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
മെയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കുന്നത്. പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്നത്.

