രാജ്യത്തെ ഏറ്റവും സ്വീകാര്യനായ അതിഥി; നരേന്ദ്ര മോദിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയെ ‘ദ ബോസ്’ എന്ന് സംബോധന ചെയ്താണ് അദ്ദേഹം പ്രശംസിച്ചത്. സിഡ്നിയിൽ നടന്ന ഇന്ത്യൻ സമൂഹത്തിന്റെ സമ്മേളനത്തിൽ പങ്കെടുക്കവെയായിരുന്നു ആന്റണി ആൽബനീസ് മോദിയെ പ്രകീർത്തിച്ച് സംസാരിച്ചത്.

നമ്മുടെ രാജ്യത്തെ ഏറ്റവും സ്വീകാര്യനായ അതിഥിയാണ് മോദി. ഇന്ത്യൻ സമൂഹത്തിന്റെ സംഭാവന ഓസ്ട്രേലിയയെ കൂടുതൽ മികച്ചതാക്കി. ഇന്ത്യ ഓസ്ട്രേലിയയുടെ സുപ്രധാന നയതന്ത്ര പങ്കാളിയാണ്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ളത് സമ്പന്നമായ ഒരു സൗഹൃദമാണ്. ഒരുകൊല്ലം മുമ്പ് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം തങ്ങൾ തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം എത്രത്തോളം പ്രധാനമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ ഉയരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മഹാസമുദ്രത്തിലെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അയൽരാജ്യമാണ് ഇന്ത്യ. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ തവണ ഈ വേദിയിൽ ബ്രൂസ് സ്പ്രിങ്സ്റ്റീനിനെയാണ് താൻ കണ്ടത്. പക്ഷെ നരേന്ദ്ര മോദിയ്ക്ക് ലഭിച്ച സ്വീകരണം സ്പ്രിങ്സ്റ്റീനിന് അന്ന് ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി മോദിയാണ് ‘ദ ബോസ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.