വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞയാള്‍ പിടിയില്‍

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞയാള്‍ പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോള്‍ ട്രെയിനില്‍ കൊള്ളുകയായിരുന്നു എന്നാണ് ഇയാള്‍ നല്‍കിയ മൊഴി. റെയില്‍വേ പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെയാണ് മലപ്പുറം തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വച്ച് കല്ലേറുണ്ടായത്. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലമായിരുന്നു. പിന്നീട് ലഭിച്ച നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിസ്വാന്‍ പിടിയിലായത്.

ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തത്. സര്‍വീസ് ആരംഭിച്ച് ആറ് ദിവസം കൊണ്ട് വന്ദേഭാരത് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് വരുമാനം നേടിയത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിച്ചത്.