‘വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാതൃക’: മുഖ്യമന്ത്രി

കണ്ണൂര്‍: വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിദ്യാഭ്യാസ രംഗത്ത് കേരളം പുതുമാതൃക തീര്‍ക്കുകയാണ്. പൊതുവിദ്യാലയങ്ങളില്‍ 3800 കോടിയുടെ നിക്ഷേപം നടത്തി. കിഫ്ബി ഫണ്ട് മുഖേനയാണ് നിലവില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതുവരെ കിഫ്ബി ഫണ്ട് ഉപയേഗിച്ച് 5 കോടി രൂപ നിരക്കില്‍ 126 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ നിരക്കില്‍ 153 സ്‌കൂള്‍ കെട്ടിടങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് 97 പുതിയ കെട്ടിടങ്ങള്‍ കൂടി പൂര്‍ത്തീകരിക്കുന്നത്. കിഫ്ബിയെ വിമര്‍ശിച്ചവര്‍ കേരളത്തിന്റെ ഈ പുരോഗതി കൂടി കാണണം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘കിഫ്ബിയെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് ചിലര്‍ പറഞ്ഞു. മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും കേരളത്തില്‍ യാഥാര്‍ഥ്യമാകും’-മുഖ്യമന്ത്രി പറഞ്ഞു