എരുമേലി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പ്രദേശത്തെ ജനങ്ങളുടെ ഉപജീവന സാധ്യതകള്‍ പുനര്‍നിര്‍മിക്കാന്‍ കൃത്യമായ കര്‍മപദ്ധതികള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്ന ശുപാര്‍ശയുമായി സാമൂഹികാഘാത പഠന റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ക്കും ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കും താല്‍ക്കാലിക ആശ്വാസം എന്ന നിലയില്‍ വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അവസരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
285 വീടുകളെയും 358 ഭൂവുടമകളെയുമാണു ഭൂമിയേറ്റെടുക്കല്‍ നടപടി നേരിട്ടു ബാധിക്കുക. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്നവരുടെ ഹിയറിങ് ജൂണ്‍ 12, 13 തീയതികളില്‍ നടക്കും. എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ 1,039.8 ഹെക്ടര്‍ സ്ഥലമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റ് പരിധിയിലും 123.53 വിവിധ വ്യക്തികളുടെ കൈവശവുമാണ്.
അതേസമയം, ചെറുവള്ളി എസ്റ്റേറ്റിലെ 2,21,432 റബര്‍ മരങ്ങളും 81,345 റബര്‍ തൈകളും നടടിയുടെ ഭാഗമായി വെട്ടിമാറ്റേണ്ടിവരും. എസ്റ്റേറ്റിനു പുറത്തു സ്വകാര്യ വ്യക്തികളുടെ 31,313 റബര്‍ മരങ്ങളും വെട്ടേണ്ടി വരും. എസ്റ്റേറ്റിനുള്ളില്‍ 64 ഹെക്ടര്‍ സ്ഥലത്തെ പൈനാപ്പിള്‍ കൃഷിയെയും എസ്റ്റേറ്റിനു പുറത്ത് 11620 മൂട് പൈനാപ്പിളിനെയും ബാധിക്കും. എസ്റ്റേറ്റിനുള്ളില്‍ 1200 തേക്കും 200 ആഞ്ഞിലിയും എസ്റ്റേറ്റിനു പുറത്ത് 2552 തേക്കും 2744 ആഞ്ഞിലിയും വെട്ടിമാറ്റേണ്ടിവരും.

