സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് തിരിച്ചടി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസിനെതിരേ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

അതേസമയം, ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാക്കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കോട്ടയം സ്വദേശിനിയായ യുവതിയുടെ ആരോപണം. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍, യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി നടനും പരാതി നല്‍കി.

അതിനിടെ, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും നല്‍കിയ ഹര്‍ജികള്‍ ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയില്‍ ഹാജരാവുകയും 2021 ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.