2000ന്റെ നോട്ടുകൾ രാജ്യത്ത് ഇറക്കുന്നതിനെ നരേന്ദ്ര മോദി അനുകൂലിച്ചിരുന്നില്ല; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി

ന്യൂഡൽഹി: 2000ന്റെ നോട്ടുകൾ രാജ്യത്ത് ഇറക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലിച്ചിരുന്നില്ലെന്ന് മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനം തീരെ ചെറിയ കാലത്തിനുള്ളിൽ നടപ്പാക്കണമായിരുന്നെന്നതും ചെറിയ കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള ശേഷി ഇല്ലാതിരുന്നതിനെയും തുടർന്നാണ് മോദിക്ക് അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.2014 മുതൽ 2019 വരെയുള്ള കാലയളവിൽ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു നൃപേന്ദ്ര മിശ്ര.

2000 ത്തിന്റെ നോട്ടിനെ പാവങ്ങൾക്ക് വേണ്ടിയുള്ള കറൻസി നോട്ടായി പ്രധാനമന്ത്രി കണ്ടിരുന്നില്ല. 1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് കുറച്ചുകാലത്തേക്ക് പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. നിരോധിച്ച നോട്ടുകൾ തിരികെയെത്തുന്നതും പുതിയ നോട്ടുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ 2000ന്റെ നോട്ടുകൾ ഇറക്കുക എന്നതായിരുന്നു പോംവഴിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് നോട്ട് നിരോധിച്ചത് കള്ളപ്പണത്തെ നേരിടാൻ വേണ്ടിയാണ് അപ്പോൾ വലിയ സംഖ്യയുടെ കറൻസി വീണ്ടുമിറക്കിയാൽ പൂഴ്ത്തിവയ്ക്കാനുള്ള സാധ്യത ഉണ്ടാകും. 2018 മുതൽ 2000ന്റെ നോട്ടുകൾ പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു.