ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ദക്ഷിണ; അഞ്ച് പതിറ്റാണ്ടിന് ശേഷം തന്റെ അദ്ധ്യാപികയെ കാണാനെത്തി ഉപരാഷ്ട്രപതി

കണ്ണൂർ: കേരളാ സന്ദർശനത്തിന് എത്തിയപ്പോൾ തന്റെ അദ്ധ്യാപികയെ കാണാനെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ അധ്യാപികയെ കാണാൻ വീട്ടിലെത്തിയത്. സൈനിക് സ്‌കൂളിലെ 12-ാം ക്ലാസിൽ തന്നെ പഠിപ്പിച്ച അധ്യാപികയായ രത്ന നായരെയാണ് കണ്ണൂരിലെ പന്ന്യന്നൂരിലെ വീട്ടിലെത്തി ഉപരാഷ്ട്രപതി സന്ദർശിച്ചത്. ഭാര്യ ഡോ സുധേഷ് ധൻഖറും ഉപരാഷ്ട്രപതിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ടീച്ചറുടെ കാൽ തൊട്ട് വന്ദിച്ച് അദ്ദേഹം അനുഗ്രഹം വാങ്ങി. പിന്നീട് കൈകൾ ചേർത്ത് പിടിച്ചു സംസാരിച്ചു. ശേഷം പത്‌നി ഡോ സുധേഷ് ധൻഖറിന് അധ്യാപികയെ പരിചയപ്പെടുത്തി. അരമണിക്കൂറോളം നേരം ഉപരാഷ്ട്രപതിയും അധ്യാപികയുമായി സംസാരിച്ചു. രത്‌നാ നായർ അദ്ദേഹത്തിന് കുടിയ്ക്കാൻ ഇളനീർ നൽകി. പിന്നീട് കഴിക്കാനായി ചിപ്‌സും ഇഡ്ഡലിയും നൽകി.

ശിഷ്യർ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതാണ് അധ്യാപകർക്ക് ചരിതാർഥ്യം നൽകുകയെന്നും ഒരു ഗുരുവിന് കിട്ടാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഈ സന്ദർശനമെന്നും രത്ന ടീച്ചർ പ്രതികരിച്ചു. തന്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും രത്‌ന ടീച്ചർ പറഞ്ഞു.