ബിഷപ്പിന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു: രക്തസാക്ഷി പരാമർശത്തിൽ വിശദീകരണവുമായി തലശ്ശേരി അതിരൂപത

കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ രക്തസാക്ഷി പരാമർശം വിവാദമായത്തിന് പിന്നാലെ വിശദീകരണവുമായി തലശ്ശേരി അതിരൂപത. സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണെന്നും ചില തൽപരകക്ഷികൾ പരാമർശം ദുർവ്യാഖ്യാനം ചെയ്തതാണെന്നും സഭ വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് സഭ ഇക്കാര്യം അറിയിച്ചത്.

അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലും ഉണ്ട്. ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് ബലിയാടായവരാണ്. ഇവരെ അനുകരിക്കരുത് എന്ന കാര്യമാണ് ആർച്ച് ബിഷപ്പ് പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്ന് വാർത്താക്കുറിപ്പിൽ സഭ വ്യക്തമാക്കുന്നു.

കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ വച്ചായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് രക്തസാക്ഷി പരാമർശം നടത്തിയത്. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരും പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് വീണ് മരിച്ചവരും ആണ് രാഷ്ട്രീയ രക്തസാക്ഷികൾ എന്നായിരുന്നു ആർച്ച് ബിഷപ്പിന്റെ പരാമർശം. ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഭയുടെ വിശദീകരണക്കുറിപ്പ്.