ബംഗളൂരുവിൽ കനത്ത മഴ: കാർ വെള്ളക്കെട്ടിൽ മുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം

ബംഗളുരു: ബംഗളൂരുവിൽ കനത്ത മഴ. വലിയ നാശനഷ്ടങ്ങളാണ് കനത്ത മഴയെ തുടർന്ന് ബംഗളൂരുവിൽ ഉണ്ടായത്. പല സ്ഥലങ്ങളിലും വെള്ളം കയറി. റോഡുകൾ പലതും വെള്ളത്തിനടിയിലായി. നഗരത്തിലെ അടിപ്പാതയിൽ വെള്ളത്തിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു.

ആന്ധ്രപ്രദേശ് സ്വദേശിയായ ഇൻഫോസിസ് ജീവനക്കാരി ഭാനു രേഖ ആണ് മരിച്ചത്. 22 വയസായിരുന്നു. ഭാനു രേഖയുടെ കുടുംബാംഗങ്ങളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഭാനുരേഖയുടെ മരണത്തിൽ അനുശോചനം അറിയിച്ചും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷവുമാണ് മുഖ്യമന്ത്രി ആശുപത്രിയിൽ നിന്ന് മടങ്ങിയത്.

ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ബംഗളൂരുവിൽ കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ബംഗളുരുവിൽ കെട്ടിടം ഇടിഞ്ഞും അപകടമുണ്ടായി. ബംഗളുരു വിദ്യാരണ്യ പുരയിലാണ് മഴയിൽ കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. എന്നാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.