മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല; മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെസിബിസി നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണ നൽകി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ കെസിബിസി നടത്തിയ പ്രസ്താവനയ്ക്കാണ് രമേശ് ചെന്നിത്തല പിന്തുണ നൽകിയത്. മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ലെന്നും മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. നിയമത്തിൽ ഭേദഗതി അവശ്യമെങ്കിൽ വരുത്തണം. നിയമം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ്. നാട്ടിൽ സർക്കാരും മലയോര മേഖലയിൽ വന്യമൃഗങ്ങളും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ മതമേലധ്യക്ഷന്മാർക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യ ജീവി ആക്രമണങ്ങൾ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് സംശയമാണെന്നായിരുന്നു കെസിബിസി പ്രസിഡൻറ് കർദ്ദിനാൾ ക്ലിമ്മീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം, കെസിബിസിക്കെതിരെ വിമർശനവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.