പ്ലസ് വണ്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സീറ്റുകള്‍ ലഭ്യമാക്കും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പ്രവേശനം നേടാനാഗ്രഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സീറ്റുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉറപ്പ് നല്‍കി.

‘ജൂലൈ അഞ്ചിന് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും. മെയ് 25ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. താമസിയാതെ സര്‍ക്കാര്‍ തലത്തില്‍ അതിന്റെ ഉത്തരം ഉണ്ടാകും. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’- മന്ത്രി പറഞ്ഞു.

അതേസമയം, മലബാറില്‍ 225702 കുട്ടികളാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. എന്നാല്‍, നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍പഠനം ലഭിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാല്‍ ഇത് ഇനിയും ഉയരും.