ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയ സാഹചര്യത്തില്‍ 2000 രൂപയുടെ നോട്ട് മാറിയെടുക്കാന് പ്രത്യേക ഫോം വേണ്ടെന്ന് എസ്ബിഐ അറിയിച്ചു. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന് തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ സപ്തംബര്‍ മുപ്പതിനകം ബാങ്കുകളില്‍ തിരികെ നല്‍കാനാണ് നിര്‍ദ്ദേശം.
അതേസമയം, രണ്ടായിരത്തിന്റെ നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതായാണ് ആര്‍ബിഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. ഇപ്പോള്‍ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ തല്‍ക്കാലം മൂല്യമുണ്ടാകും. ഇത് കൈമാറ്റം ചെയ്യുന്നതിനും തടസ്സമില്ല. എന്നല്‍, നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍ മാറ്റിയെടുക്കണം. ഇതിനായി മേയ് 23 മുതല്‍ സൗകര്യമൊരുക്കും. 2000 രൂപയുടെ പരമാവധി 10 നോട്ടുകള്‍ വരെ ഒരേസമയം ഏതു ബാങ്കില്‍നിന്നും മാറ്റിയെടുക്കാമെന്നാണ് അറിയിപ്പ്.
ആകെ മൂന്നു ലക്ഷത്തി അറുപത്തി രണ്ടായിരം കോടിയുടെ നോട്ടുകളാണ് നിലവില്‍ ജനങ്ങളുടെ പക്കലുള്ളത്. ഇത് പത്തു ശതമാനം മാത്രമാണെന്നിരിക്കെ നോട്ട് നിരോധനം ജനങ്ങളെ ബാധിക്കില്ല എന്നാണ് റിസര്‍വ് ബാങ്ക് വിലയിരുത്തല്‍.

