ചെന്നൈ: കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രണ്ടായിരം രൂപയുടെ കറൻസി പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം ആരോപിച്ചു.
500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ. കർണാടകയിലെ കനത്ത പരാജയം മറച്ചുവെക്കാനുള്ള വിദ്യയാണിതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിച്ചുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവെച്ചുവെന്ന് ആർബിഐ വ്യക്തമാക്കി. ഇനി 2000 രൂപ നോട്ടുകൾ വിതരണം ചെയ്യരുതെന്നും ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. സെപ്തംബർ 30 വരെ നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
2000 രൂപ നോട്ടുകൾ മാറ്റുന്നതിന് വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ കഴിയൂ. റിസർവ് ബാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിയ്ക്കുമെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.

